പുത്രത്വം - SONSHIP
പുത്രത്വം
ചങ്ങലകളുടെ കിലുക്കം കേട്ട് ആവണം നേർത്ത മയക്കത്തിൽ നിന്ന് ആ ബാലൻ ഉണർന്നത്. കൈകളും കാലുകളും ചങ്ങലകളാൽ ബന്ധിക്കപ്പെട്ട വെളുത്ത് മെലിഞ്ഞ ആ ബാലന് ആകെ കൈവശമുണ്ടായിരുന്നത് ഉടുത്തിരിക്കുന്ന മുഷിഞ്ഞ മുണ്ടും തേജസ്സ് മങ്ങിയിട്ടില്ലാത്ത മുഖവും ആയിരിന്നു.ചീകിയൊതുക്കാതെ അലസമായി മുഖത്തേക്ക് വീണു കിടക്കുന്ന മുടിയിഴകൾക്കിടയിലൂടെ കറുത്ത കണ്ണുകൾ ഉയർത്തി എന്നെ ഒന്ന് നോക്കി; കാതിൽ കടുക്കാൻ കഴുത്തിലൊരു കല്ലുമാല, ബുദ്ധിമുട്ടിയാണെങ്കിലും എൻറെ അച്ഛനെ നോക്കി ഒന്ന് ചിരിച്ചു. എൻറെ അച്ഛൻ, അവരുടെ രാജാവ്.അടിമച്ചന്ത കാണാൻ ഞാനും ഇറങ്ങി അച്ഛൻറെ കൂടെ.എൻ്റെ പ്രായത്തിലുള്ളവർ അനേകർ ഉണ്ടെങ്കിലും എൻറെ കണ്ണുകൾ ഉടക്കിയത് കറുത്ത കണ്ണുകൾ ഉള്ള ആ ബാലനായിരുന്നു. അയൽരാജ്യത്തുനിന്നും കൊണ്ടുവന്ന അവനെ വാങ്ങാനായി പലരും വരുന്നുണ്ടെങ്കിലും എല്ലാവരും കൈമലർത്തി തിരിച്ചു പോവുകയാണ്. എൻറെ നിർബന്ധത്തിനു വഴങ്ങി കറുത്ത കണ്ണുകൾ ഉള്ള ആ ബാലന് അടുത്തേക്ക് ഞാനും അച്ഛനും നടന്നടുത്തു. ചോദിക്കുന്ന പ്രതിഫലം ഭീമമായ തുകയാണ്, എന്നാൽ തക്കതായ ഒരു യോഗ്യതയും ആരും അവനിൽ കണ്ടില്ല. എനിക്ക് ആ ബാലനെ ഞങ്ങളുടെ കൊട്ടാരത്തിലേക്ക് കൊണ്ടുപോകുവാൻ അതിയായ ആഗ്രഹം. എൻ്റെ ആഗ്രഹങ്ങൾക്ക് തടസ്സം നിൽക്കാത്ത അച്ഛൻ ആ ബാലനെ വാങ്ങാൻ സമ്മതിച്ചു. വാങ്ങുവാനായി വരുന്നത് രാജാവാണെന്ന് അറിഞ്ഞ് കച്ചവടക്കാർ വലിയ തുക ചോദിക്കാൻ തുടങ്ങി. അവരിലൊരാൾ മുന്നോട്ടുവന്ന പറഞ്ഞു, "തരാം പകരം രാജപുത്രനെ തരണം." ചന്ത നിശബ്ദമായി, ചുറ്റുവട്ടം ഉള്ള കച്ചവടക്കാർ പരസ്പരം നോക്കി, കേട്ട ഞാനും ഞെട്ടി തരിച്ചു നിൽക്കുകയാണ്, വാങ്ങാം എന്ന് എനിക്ക് വാക്കു തന്ന അച്ഛനും ചിന്താകുഴപ്പത്തിലായി ഞാൻ അച്ഛൻറെ മുഖത്തേക്ക് നോക്കി എന്റെ സമ്മതം മനസ്സിലാക്കി കൊടുത്തു. അങ്ങനെ ആ ബാലൻ ചങ്ങലകളിൽ നിന്നും മോചിതനായി, നാളുകളായി അവന്റെ കൈകളിൽ കിടന്ന ഭാരം എൻറെ കൈകളിലായി, അവൻ്റെ വസ്ത്രം എന്റേതായി. രാജാവിന്റെ പട്ടാളത്തിന്റെ അകമ്പടിയോടെ അവനെ കൊട്ടാരത്തിലേക്ക് കൊണ്ടുപോയി. എന്നെ തിരിച്ചുകൊണ്ടുപോകാൻ അച്ഛൻ വരുന്ന ദിവസത്തിനായി കാത്തു കിടക്കുകയാണ് ഞാൻ. പറഞ്ഞൊത്തിരിക്കുന്ന കാലം കഴിയുമ്പോൾ ഞാനും പോകും അച്ഛനൊപ്പം. കൊട്ടാരത്തിൽ ഞാനും അച്ഛനും കറുത്ത കണ്ണുകൾ ഉള്ള എൻ്റെ സഹോദരനും.
"യോഹന്നാൻ 3:16 -തന്റെ ഏകജാതനായ പുത്രനിൽ വിശ്വസിക്കുന്ന ഏവനും നശിച്ചുപോകാതെ നിത്യജീവൻ പ്രാപിക്കേണ്ടതിന്നു ദൈവം അവനെ നൽകുവാൻ തക്കവണ്ണം ലോകത്തെ സ്നേഹിച്ചു"
ഞാനും നിങ്ങളും പാപത്തിനും ഈ ലോകത്തിനും അടിമകളായിരുന്നു, എന്നാൽ തൻറെ പുത്രനെ തന്നു പിതാവായ ദൈവം നമ്മെ പുത്രനാക്കി. ഇനി മേലാൽ നാം അടിമകളല്ല അവകാശികളാണ്.
WRITER - SHIMONA
THEME - പുത്രത്വം
Comments
Post a Comment