നല്ല നടപ്പ് - WALK IN INTEGRITY

നല്ല നടപ്പ്

വർത്തമാന കാലഘട്ടത്തിൽ വളരെയധികം ചിന്തിക്കേണ്ടതും പഠിക്കേണ്ടതും ആയ ഒരു സംവാദവിഷയം ആണ് നല്ല നടപ്പ് എന്നത്. അങ്ങേയറ്റം ആധുനികതയുടെയും സുഖസൗകര്യങ്ങളുടെയും തലമുറയിലാണ് ഇന്ന് നമ്മുടെ ജീവിതം.ദൈവമക്കളായ നമുക്ക് നമ്മുടെ കർത്താവായ യേശുവിനെപോലെ വിശുദ്ധമായ ജീവിതം ഈ കാലഘട്ടത്തിൽ നയിക്കുക എന്നുള്ളത് നമ്മെക്കാൾ ഏറെ നമ്മുടെ തലമുറയെയാണ് വെല്ലുവിളിക്കുന്നത്.ഇതിനെപറ്റി അപ്പോസ്തലനായ പൗലോസ് ഫിലിപ്പിയർക്ക് എഴുതിയ ലേഖനത്തിൽ പരാമർശിച്ചിരിക്കുന്നു.

ഫിലിപ്പിയർ 2:14" വക്രതയും കോട്ടവുമുള്ള തലമുറയുടെ നടുവിൽ നിങ്ങൾ അനിന്ദ്യരും പരമാർത്ഥികളും ദൈവത്തിന്റെ നിഷ്കളങ്ക മക്കളും ആകേണ്ടതിന്ന് എല്ലാം പിറുപിറുപ്പും വാദവും കൂടാതെ ചെയ്യുവിൻ".
നാം ചുറ്റും ഉള്ളവരിൽ നിന്നും വ്യത്യസ്തരാണ്, ദൈവമക്കൾ ആണ്, അതുകൊണ്ട് തന്നെ അവർക്കു സമമായി അവരുടെ വഴികളെ പിന്തുടരാതെ വ്യത്യസ്തമായി ജീവിക്കണം. ദൈവത്തിന്റെ വചനങ്ങളെ പ്രമാണിക്കുമ്പോഴാണ് നാം വ്യത്യസ്തർ ആകുന്നത്.അപ്പോൾ നമ്മളിൽ നിന്നും പ്രകാശിക്കുന്ന വെളിച്ചം നമ്മോടു കൂടെ ഉള്ളവർക്ക് ക്രിസ്തുവിങ്കലേക്കുള്ള വഴിയേ തെളിയിച്ചു കൊടുക്കുന്നു.യേശുക്രിസ്തുവിനെ പോലെ വിശുദ്ധിയോടെ ജീവിക്കാൻ ആണ് നമ്മേയും വിളിച്ചിരിക്കുന്നത്,അതിന്ന് പ്രായവും സമയവും കാലവും സാഹചര്യവും സ്ഥലവും സ്ഥാനവും ഒന്നും ബാധകമല്ല.ഇതിന്ന് ഉത്തമ ഉദാഹരണമാണ് ദാനിയേലിന്റെ ജീവിതം.അന്യരാജ്യത്തു ആയിരിക്കുമ്പോഴും തന്റെ ദൈവത്തെ അന്യനായ് വിചാരിക്കാതെ എല്ലാ അവസ്ഥയിലും ദാനിയേൽ ദൈവത്തെ മുറുകെ പിടിക്കുക മാത്രമല്ല ദൈവത്തെ പ്രസാദിപ്പിക്കുകയും ചെയ്തിരുന്നു. ആകയാൽ,പരിശുദ്ധാത്മാവിന്റെ സഹവാസം നമ്മെ നേർവഴിയിൽ നടത്തുന്നു.അന്യജഡത്തെ മാതൃകയാക്കാതെ കർത്താവായ യേശുവിനെ മാതൃക ആക്കുമ്പോൾ നാം ക്രിസ്തുവിനെ പ്രദർശിപ്പിക്കുന്നു.ഇന്റർനെറ്റ് മൊബൈൽഫോണും ഇന്നത്തെ യുവതലമുറയെ കീഴ്പെടുത്തിയിരിക്കുന്ന ഈ സാഹചര്യത്തിൽ അത്തരത്തിൽ ഉള്ള സൗകര്യങ്ങളെ എങ്ങനെ ദൈവനാമം മഹത്വത്തിനായ് ഉപയോഗിക്കാം എന്ന ചിന്തിക്കേണ്ടത് അത്യാവശ്യം ആയിരിക്കുന്നു.പെന്തക്കോസ്തിന്റെ അനുഭവം ഉള്ള തലമുറകൾ പോലും ഇന്ന് മദ്യത്തിന്റെയും മയക്കു മരുന്നിന്റെയും ലഹരിയിൽ പിടിപ്പെട്ടിരിക്കുനു.മാതാപിതാക്കളെക്കാൾ ഏറെ ദൈവത്തെ ഭയപ്പെടുവാൻ കുട്ടികളെ ചെറുപ്പം മുതലേ ശീലിപ്പിക്കേണ്ടത് അത്യാവശ്യം ആയിരുന്നു എന്ന് ഇപ്പോഴെങ്കിലും നാം മനസ്സിലാക്കണം.മാതൃക ഉള്ള നല്ല നടപ്പ് എന്നത് നമ്മെ ദൈവത്തിന്റെ മുൻപിൽ നിഷ്കളങ്കരായി നിർത്തുന്നതുപോലെ തന്നെ മറ്റുള്ളവർ നാം മുഖാന്തരം ക്രിസ്തുവിങ്കലേക്ക് ആകർഷിക്കപ്പെടുകയും ചെയ്യുന്നു. 
അപ്പൊസ്‌തലനായ പൗലോസ് തീത്തോസിന്ന് എഴുതിയ ലേഖനം 2:7 "വിരോധി നമ്മെക്കൊണ്ട് ഒരു തിന്മയും പറവാൻ വക ഇല്ലാതെ ലജ്ജിക്കേണ്ടതിന്ന് സകലത്തിലും നിന്നെത്തന്നെ സൽപ്രവർത്തികൾക്കു മാതൃക ആക്കി കാണിക്ക"
എപ്പോഴും ഹൃദയത്തിൽ സംഗ്രഹിക്കേണ്ട വചനം ആണിത്,തന്റെ ഭക്തന്മാരെക്കുറിച്ചു കുറ്റം പറയുവാൻ സാത്താൻ എപ്പോഴും സ്വർഗത്തിൽ ദൈവമുൻപാകെ നിൽക്കുന്നു.എന്നാൽ സാത്താൻ ലജ്ജിക്കേണ്ടതിന്ന് നാം നമ്മെത്തന്നെ ദൈവകൃപയിൽ, സൽപ്രവർത്തികൾക്കു മാതൃക ആക്കി സൂക്ഷിക്കുക.നാം ഇങ്ങനെ ചെയ്യുമ്പോൾ തന്നെ, വരും തലമുറയ്ക്ക് ഇത് പകർന്നുകൊടുക്കുവാനും ശീലിപ്പിക്കുവാനും പ്രത്യേകം ശ്രദ്ധിക്കുക.വിശുദ്ധിയോടെയും മാതൃകയോടെയും അല്ലാത്ത ജീവിതം എത്രത്തോളം ഭയാനകം ആണെന്നും അതിൻറെ ഭവിഷ്യത്തുകൾ എന്തൊക്കെയാണെന്നും യേശുകർത്താവിന്റെ ശിഷ്യന്മാർക്കു നല്ലവണ്ണം അറിയാമായിരുന്നു.കൊരിന്തിൽ ഉള്ള ദൈവസഭയോട് പൗലോസ് പറയുന്നത് ശ്രദ്ധിക്കുക.
 2 കൊരിന്ത്യർ 11 :2 ,3 "ഞാൻ നിങ്ങളെക്കുറിച്ചു ദൈവത്തിന്റെ എരിവോടെ എരിയുന്നു; ഞാൻ ക്രിസ്തു എന്ന ഏകപുരുഷന് നിങ്ങളെ നിർമലകന്യകയായി ഏല്പിപ്പാൻ വിവാഹനിശ്ചയം ചെയ്തിരിക്കുന്നു. എന്നാൽ സർപ്പം ഹവ്വായെ ഉപായത്താൽ ചതിച്ചതുപോലെ നിങ്ങളുടെ മനസ്സ് ക്രിസ്തുവിനോടുള്ള ഏകാഗ്രതയും നിർമ്മലതയും വിട്ട് വഷളായി പോകുമോ എന്ന് ഞാൻ ഭയപ്പെടുന്നു."
ഇവിടെ ഇതിന്റെ പ്രാധാന്യത എത്രമാത്രം വലുതാണെന്ന് നമുക്ക് ഗ്രഹിക്കാം. ആകയാൽ എല്ലാ ചതിവും വഞ്ചനയും വ്യാജഭാവവും വിട്ട് നിർമ്മലതയോടെ ക്രിസ്തുയേശുവിൽ നമ്മെത്തന്നെ കാക്കാം.പരിശുദ്ധാത്മാവിൽ പ്രാർത്ഥിച്ചു നിത്യജീവനായ് കാത്തുകൊണ്ട് നമ്മെത്തന്നെ സൂക്ഷിക്കാം.ദൈവം നമ്മോടു കൂടെ ഇരുന്ന് നമ്മെ അനുഗ്രഹിക്കുമാറാകട്ടെ.

WRITER - SHIMONA
THEME - WALK IN INTEGRITY (SPIRITURAL)

Comments

Popular Posts