ദൈവത്തിന്റെ കരുതൽ - God's Provision
ഉറങ്ങിയെഴുന്നേറ്റ് സമയം നോക്കിയപ്പോൾ 10 കഴിഞ്ഞു. ഇന്നലെ രാത്രി കരഞ്ഞു കരഞ്ഞു ഉറക്കത്തിലേക്ക് വീണത് അറിഞ്ഞതേയില്ല. പല്ലു തേച്ചുകഴിഞ്ഞു ഉമ്മറത്തു വന്നിരുന്നു, 'അമ്മ വിളിക്കുന്നത് കേട്ടപ്പോ ഒരു സ്വപ്നത്തിൽ നിന്ന് എന്നപോലെ ഞെട്ടിത്തിരിഞ്ഞ നോക്കി, "ആരും കാണണ്ട ഈ നേരത്തു എണ്ണിച്ചുവരുന്നത്, പോയി വല്ലതും എടുത്ത് കഴിക്ക പെണ്ണെ, രാവിലെ എണ്ണിച്ചു എന്നെ സഹായിക്കാൻ ഉള്ളതിന്, നൂറുകൂട്ടം പണിയാ ഞാൻ ഒറ്റയ്ക്ക് ചെയ്യുന്നത്, വല്ല നേരത്തും എണ്ണിച്ചു വരും എന്നിട്ട് എങ്ങോട്ടെന്നില്ലാതെ കണ്ണും നട്ട് ഇരിപ്പാണ്, അല്ലാ എന്നെ പറഞ്ഞാൽ മതീല്ലോ, ചെറുപ്പം മുതൽക്കേ നേരത്തെ എഴുന്നേൽപ്പിച്ചു ശീലിപ്പിക്കാത്തതിന്റെയ ഈ കാണുന്നത്;" 'അമ്മ തുടർന്നും എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു, ഞാൻ കേൾക്കാത്തവണ്ണം അടുക്കളയിലേക്ക് നടന്നു. പ്ലസ്ടുവിന്റെ റിസൾട്ട് വന്നതിൽ പിന്നെ ഞാൻ ഇങ്ങനെയാ, ഉപരിപഠനത്തിന് പോകണം എന്ന് ആഗ്രഹം ഉണ്ടെങ്കിലും വീട്ടിലെ സാമ്പത്തിക ചുറ്റുപാട് അനുവദിക്കുന്നില്ല; ദിവസക്കൂലിക്ക് പണിയെടുക്കുന്ന അച്ഛൻ, വീട്ടിലുള്ള കോഴിയുടെയും പശുവിന്റെയും പുറകെ നടക്കുന്ന അമ്മ. ഉയർന്ന മാർക്ക് ഉണ്ടെങ്കിലും ഒരു ഗവൺമെൻറ് കോളേജിലും അഡ്മിഷൻ കിട്ടുന്നില്ല. പ്രതീക്ഷയുടെ തിരിനാളം ഓരോ ദിനം കഴിയുംതോറും അണയുകയാണ്. സഭയിലുള്ളവർ സഹായങ്ങൾ വാഗ്ദാനം ചെയ്യുന്നതിന് പകരം "പ്രാർത്ഥിക്കാം, എല്ലാം ശരിയാകും" എന്ന വാക്കുകളിൽ ഒതുക്കുന്നു. ചിലപ്പോഴൊക്കെ ഞാൻ ചിന്തിക്കും ഈ മനുഷ്യരെന്താ ആരെയും സ്വാർഥേച്ഛ കൂടാതെ സഹായിക്കാത്തത് എന്ന്, അവരുടെ വീട്ടിൽ വളർത്തുന്ന നായ്ക്കുട്ടിയുടെ ഒരു മാസത്തെ ഭക്ഷണച്ചിലവ് മതിയാവും എനിക്കൊരു അഡ്മിഷൻ ശരിയാക്കാൻ; പിന്നെ ഞാൻ ചിന്തിക്കും, മനുഷ്യരിൽ ആശ്രയിച്ചിട്ടും പ്രതീക്ഷ വച്ചിട്ടും എന്താ കാര്യം! ഉലകത്തെ നിർമിച്ചവൻ എന്റെ പിതാവാണല്ലോ, ഞൊടിയിട നേരം മതി എല്ലാ അവസ്ഥകൾക്കും മാറ്റം വരാൻ. ഇതൊക്കെ ചിന്തിച്ചു പുഴുങ്ങിയ കാച്ചിൽ കഴിച്ചു തീർത്തത് അറിഞ്ഞില്ല.വീണ്ടും ഞാൻ ഉമ്മറത്തെത്തി, കണ്ണെത്താദൂരത്തു നോക്കി ഇരുന്ന് പല ചിന്തകളിലേക്ക് വീണു, മിഴികൾ നനഞ്ഞു തുടങ്ങി, ആശ്വസിപ്പിക്കുന്ന ഒരു ഇമ്പസ്വരം ഞാൻ കേട്ടു; കാതുകൾക്ക് തണുപ്പ് നൽകുന്ന ആ ശാന്തസ്വരം എന്നോട് പറഞ്ഞു, "കുഞ്ഞേ, നീ ആരാണെന്ന് നിനക്ക് വല്ല പിടിയും ഉണ്ടോ?" ഞാൻ സംശയിച്ചു, വീണ്ടും ആ സ്വരം ശ്രദ്ധിച്ചുകൊണ്ടിരുന്നു, "നിന്റെ രാജ്യത്തിന്റെ അധികാരി ഒരു ദിവസം നിന്റെ വീട്ടിലേക്ക് അത്താഴത്തിനായി വരുന്നു എന്ന് സങ്കൽപ്പിക്കുക, അത് എത്രത്തോളം ശ്രെഷ്ഠം ആയിരിക്കും അല്ലേ, എന്നാൽ മറ്റൊരുകാര്യം പറയാം, അമേരിക്കൻ പ്രസിഡന്റ് നിന്റെ ഉറ്റസുഹൃത്ത ആണെന്ന് സങ്കൽപ്പിക്കൂ എത്രത്തോളം ഭാഗ്യവാൻ ആണ് നീ, എന്നാൽ സങ്കൽപ്പങ്ങളിൽ അല്ലാതെ തന്നെ നീ ഭാഗ്യവതി ആണ്, കാരണമെന്തെന്നാൽ രാജാക്കന്മാർക്കും അധികാരികൾക്കും ഭരിക്കാൻ ഉള്ള ഭൂമിയെ സൃഷ്ടിച്ചവൻ ആണ് ഞാൻ, രാജാക്കന്മാരുടെ രാജാവ്, പ്രഭുക്കന്മാരിൽ പ്രഭു, സർവ്വത്തിനും മേലായ എന്റെ മകൾ ആണ് നീ.സമയത്തെ വരെ നിർത്താനും എനിക്ക് കഴിയും എല്ലാം എൻ്റെ കൈകളിലാണ്; നിന്റെ ഇപ്പോഴുള്ള സാഹചര്യങ്ങളെയോ ചുറ്റുവട്ടങ്ങളെയോ ഓർത്തു നീ ആകുലപ്പെടേണ്ട, നിനക്കായി ഒരുക്കിയിരിക്കുന്നത് നിന്റെ പ്രതീക്ഷകൾക്കും അപ്പുറമാണ്, നിന്റെ പദവിക്ക്, അതായത് പ്രഭുകുമാരി ആയ നിനക്ക് അതിനൊത്ത ജീവിതം ലഭ്യം ആകും.നിന്റെ ഉള്ളംകൈ തുറന്ന് നോക്കുക, അതിലുള്ള വരകൾ കണ്ടോ, അതുപോലെയാണ് എനിക്ക് നീ. എന്റെ ഉള്ളം കയ്യിൽ നിന്നെ വരച്ചിരുന്നു, "യെശയ്യാവ് 49 :16 ഇതാ ഞാൻ നിന്നെ എന്റെ ഉള്ളംകയ്യിൽ വരച്ചിരിക്കുന്നു " ; നിനക്കായി ഞാൻ കരുതി ഇല്ലെങ്കിൽ നിന്റെ പിതാവായി ഇരിക്കുന്നതിൽ എന്ത് കാര്യം. അതുകൊണ്ട് എൻ്റെ പ്രവർത്തികളെ വിശ്വസിച്ചു, നീ ചുമക്കുന്ന ഭാവി എന്ന വലിയ ഭാരം എനിക്ക് തരൂ, അത് എൻ്റെ ഉത്തരവാദിത്തം ആണ്."
ചുടുകണ്ണീർ എൻ്റെ കവിൾത്തടങ്ങളിലൂടെ ഒലിച്ചിറങ്ങി, ഇതിനപ്പുറം എനിക്കൊന്നും വേണ്ടിയിരുന്നില്ല. ഇപ്പോൾ എൻ്റെ മുന്നിലുള്ളത് പ്രതീക്ഷയുടെ തിരിനാളം അല്ല, വിശ്വാസം ആണ്, എന്റെ പിതാവിൽ ഉള്ള ഉറച്ചവിശ്വാസം.
WRITER - SHIMONA
THEME-ദൈവത്തിന്റെ കരുതൽ - God's Provision
Comments
Post a Comment