പ്രാർത്ഥന - Prayer
"ഒന്നിനെക്കുറിച്ചും വിചാരപ്പെടരുത് ;എല്ലാറ്റിലും പ്രാർത്ഥനായാലും അപേക്ഷയാലും നിങ്ങളുടെ ആവശ്യങ്ങൾ സ്തോത്രത്തോട് കൂടെ ദൈവത്തോട് അറിയിക്കയത്രേ വേണ്ടത്. ഫിലിപ്പിയർ 4:6 " ദൈവത്തോട് സംസാരിക്കയും ദൈവം സംസാരിക്കുന്നത് ശ്രദ്ധിക്കുകയും ചെയ്യുന്ന മനോഹരമായ ഒരു ആശയവിനിമയ രീതിയാണ് പ്രാർത്ഥന. ദൈനംദിന കാര്യങ്ങൾ മുതൽ നമ്മുടെ ആകുലതകൾ വരെ പങ്കിടാൻ പറ്റിയ ഒരു ഉറ്റ സുഹൃത്താണ് കർത്താവ്. മുൻവിധി കൂടാതെ നമ്മെ ശ്രദ്ധിക്കുക മാത്രമല്ല, അതിനെല്ലാം പരിഹാരം കണ്ടെത്താനും പരിഹരിക്കാനും നമ്മെ സഹായിക്കുന്നു. എത്രമാത്രം പ്രതിസന്ധികളുടെ നടുവിൽ ആണെങ്കിലും ദൈവത്തോട് കൂടെ ചിലവഴിക്കുന്ന സമയങ്ങളിൽ എത്രയോ ശാന്തതയോടെ ആയിരിക്കാൻ നമുക്ക് കഴിയുന്നു, ഒരു കുട്ടി തൻ്റെ അമ്മയുടെ അടുത്തെന്ന പോലെ, നിർഭയമായും സമാധാനത്തോടെയും ആയിരിക്കാൻ കഴിയുന്നു. പ്രാർത്ഥനയിൽ നേടുന്ന ദൈവീകസമാധാനം വാക്കുകളാൽ നിർവചിക്കാൻ കഴിയുന്നതിലും അപ്പുറം ആണ്.
ഇനിയെന്ത് എന്ന ചോദ്യം മാത്രം അവശേഷിക്കുന്നിടത്തു അടുത്ത പടി ചവിട്ടുന്നത് ദൈവത്തിന്റെ കാരുണ്യവും പ്രാർത്ഥനയുടെ മറുപടിയും ആണ്. മനുഷ്യരോട് നമ്മുടെ ചിന്തകളും, താല്പര്യങ്ങളും പ്രശ്നങ്ങളും പങ്കിടുന്നതിൽ പരിധി ഉണ്ട്, നമ്മൾ പറയാൻ ശ്രമിക്കുന്നത് അതേ രീതിയിൽ തന്നെ മനസ്സിലാക്കുന്നവർ വിരളം ആണ്, എന്നാൽ നാം പറയുന്നതിന് മുൻപ് തന്നെ നമ്മുടെ നാവിൽ ഇരിക്കുന്നത് എന്തെന്ന് ദൈവം അറിയുന്നു. ഒരു അലങ്കാരങ്ങളും ഇല്ലാതെ നാം നാമായിത്തന്നെ ദൈവത്തിന് വെളിപ്പെടുത്തി കൊടുക്കുമ്പോൾ, അതിൽ ദോഷം സ്വഭാവങ്ങൾ ഉണ്ടാവാം, പരാജയങ്ങൾ ഉണ്ടാവാം, ബലഹീനതകൾ ഉണ്ടാവാം,ഇവയെല്ലാം ദൈവത്തിന് മുൻപിൽ തുറന്നുസമ്മതിച്ചു ഒരു മണൽത്തരിയോളം ചെറുതാണെന്ന് മനസ്സിലാക്കി ദൈവത്തോട് ചേർന്നിരിക്കുമ്പോൾ ലഭിക്കുന്ന സന്തോഷത്തിന് തുല്യമാവാൻ വേറൊന്നിനും കഴിയില്ല. ആകയാൽ ആ സ്വസ്ഥതയിലേക്കും സമാധാനത്തിലേക്കും പ്രവേശിക്ക. ദൈവത്തോട് കൂടെ ഇരിക്കുക, അനുസരിക്കാനും തിരുത്താനും ഒരുങ്ങി പരിശുദ്ധാതമാവിനെ ആശ്രയമാക്കി ഒരു പ്രാർത്ഥന ജീവിതം രൂപീകരിക്കുക.
Comments
Post a Comment