നിങ്ങൾക് ഉള്ളതിൽ സന്തോഷികുക "rejoice in what you have"

 സാമ്പത്തികഭദ്രത അനിവാര്യമായ കാലഘട്ടത്തിലൂടെയാണ് ഇന്ന് നാം ജീവിക്കുന്നത്. ആധുനികതയുടെ ഈ കാലത്ത് ചികിത്സയ്ക്കായി പോകുന്ന ആശുപത്രികൾ മുതൽ വീട്ടുസാധനങ്ങൾ വാങ്ങുന്ന സൂപ്പർമാർക്കറ്റുകൾ വരെ ടെക്നോളജിയുടെ മാസ്മരികതയാണ് നമുക്ക് മുന്നിൽ തുറന്നു വച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള സൗകര്യങ്ങൾ ലഭ്യമാക്കി ആയാസം ഉള്ള ജീവിതരീതിയാണ് നമ്മളിൽ ഭൂരിഭാഗം മനുഷ്യരും ആഗ്രഹിക്കുന്നത്. അതിൽ യാതൊരുവിധ ദോഷവും ഇല്ല, എന്നാൽ സാധാരണക്കാരായ മനുഷ്യർ ഇത്തരത്തിലുള്ള സൗകര്യങ്ങൾ ലഭ്യമാക്കുന്നത് വളരെ കഷ്ടപ്പെട്ട് സ്വരുക്കൂട്ടിയ സമ്പത്തു കൊണ്ടാണ്. ചെറുപ്പം മുതൽക്കെ നമ്മുടെ കുട്ടികളോട് ഉപദേശിക്കുന്ന ഒരു കാര്യമാണ് നന്നായി പഠിച്ച് നല്ല ജോലി നേടണം എന്നത്. ഭദ്രമായ ഒരു ജീവിതം നേടേണ്ടതിനാണ് ഉപദേശിക്കുന്നത് എങ്കിലും നാമറിയാതെ അവരിലേക്ക് കടന്നുചെല്ലുന്നത് ധാരാളം ധനം ഉണ്ടാക്കുക എന്ന ആശയമാണ്.എന്നാൽ ബൈബിൾ നമ്മെ പഠിപ്പിക്കുന്നു, അന്നന്നു മുട്ടു കൂടാതെ ജീവിക്കാനുള്ളത് ദൈവത്തോട് ചോദിച്ചാൽ മതി എന്ന്; "സദൃശ്യവാക്യങ്ങൾ 30: 7,8 വാക്യങ്ങൾ, രണ്ടു കാര്യം ഞാൻ നിന്നോട് അപേക്ഷിക്കുന്നു; ജീവപര്യന്തം അവ എനിക്ക് നിഷേധിക്കരുതേ; വ്യാജവും ഭോഷ്‌കും എന്നോട് അകറ്റേണമേ; ദാരിദ്ര്യവും സമ്പത്തും എനിക്ക് തരാതെ നിത്യവൃത്തി തന്ന് എന്നെ പോഷിപ്പിക്കേണമേ." നമുക്ക് ആവശ്യത്തിലും അധികം ഉണ്ടായിട്ട് ദൈവത്തെ മറക്കാനും അഹങ്കരിക്കാനും ഇടവരാതെ ഇരിക്കേണ്ടതിനാണത്. ശേഷമുള്ള ഒൻപതാം വാക്യം ശ്രദ്ധിക്കുക "ഞാൻ തൃപ്തനായി തീർന്നിട്ട് യഹോവ ആർ എന്ന് നിന്നെ നിഷേധിക്കാനും ദരിദ്രനായി തീർന്നിട്ട് മോഷ്ടിച്ച് എൻറെ ദൈവത്തിന്റെ നാമത്തെ തീണ്ടിപ്പാനും സംഗതി വരരുതേ." അത്തരത്തിൽ ദൈവത്തെ നിന്ദിക്കാൻ ഇടവരാതെ അന്നന്നു സമൃദ്ധിയോടെ നടത്താൻ ദൈവത്തോട് പ്രാർത്ഥിക്കുക. സമ്പത്ത് വർധിപ്പിക്കണം എന്നല്ലാതെ സ്വർഗ്ഗത്തിൽ നിക്ഷേപം സ്വരൂപിക്കുക എന്നതാവട്ടെ നമ്മുടെ ലക്ഷ്യം. നാം നമ്മോടു തന്നെയും നമ്മുടെ തലമുറകളോടും ഇങ്ങനെ പറഞ്ഞു പഠിപ്പിക്കുക. സാമ്പത്തിക ഭദ്രത ദൈവം എന്ന വലിയ സമ്പത്തു ഉണ്ടെങ്കിൽ നിഷ്പ്രയാസം നേടിയെടുക്കാൻ കഴിയുന്നതാണ്. ഒന്നുമില്ലായ്മയിലും ധാരാളിത്തം കാണിച്ചു ദൈവത്തിൻറെ കൃപയും മനസ്സലിയും വൃഥാവാക്കരുത്. നമുക്ക് വേണ്ടത് എന്തെന്ന് നമ്മെക്കാൾ നല്ലവണ്ണം അറിയുന്ന ദൈവം നൽകി തരും. ആയതിനാൽ നമുക്ക് ലഭിക്കുന്ന ഇത്തരം അനുഗ്രഹങ്ങളിൽ നന്ദി പറഞ്ഞ് ദൈവത്തിൽ സന്തോഷമായ ജീവിതം നയിക്കാം.

WRITER- SHIMONA

THEME- CONTENMENT

Comments